പെരുമ്പാവൂര്‍: പെരുമ്പാവൂര്‍- മൂവാറ്റുപുഴ റോഡിന് ഇരുവശവുമുള്ള ഓടയില്‍ നിന്നുള്ള മലിനജലവും പാഴ്വസ്തുക്കളും സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് ഒഴുക്കിവിട്ട് നാശനഷ്ടമുണ്ടാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് സര്‍ക്കാര്‍ ലംഘിച്ചതിനെത്തുടര്‍ന്നുള്ള കോടതിലക്ഷ്യ നടപടികളുടെ ഭാഗമായാണ് വിധി. 2010 ലാണ് കേസിനാസ്പദമായ സംഭവം.
പെരുമ്പാവൂര്‍ - മൂവാറ്റുപുഴ റോഡിന്റെ ഇരുവശവുമുള്ള ഓടയില്‍ നിന്നുള്ള മലിനജലം പുല്ലുവഴി പികെവി സ്മാരക ട്രസ്റ്റിന്റെയും വില്ലേജ് ഓഫീസിന്റെയും ഇടയിലുള്ള സര്‍ക്കാര്‍ സ്ഥലത്തുകൂടി ഓട നിര്‍മിച്ച് സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്ക് ഒഴുക്കിവിട്ടതിനെതിരെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍, മൂവാറ്റുപുഴ കെഎസ്ടിപി, പിഡബ്യുഡി റോഡ് സബ് ഡിവിഷനുകള്‍ എന്നിവരെ പ്രതികളാക്കിയാണ് ഹര്‍ജി നല്‍കിയത്.
ഇതേതുടര്‍ന്ന് മലിനജലം ഒഴുക്കിവിടുന്നത് തടഞ്ഞുകൊണ്ട് കോടതിവിധി പുറപ്പെടുവിച്ചിരുന്നു. സബ്കോടതിയും ഹൈക്കോടതിയും വിധി ശരിവയ്ക്കുകയും ചെയ്തു. കോടതിവിധി ലംഘിച്ച് വീണ്ടും മലിനജലം ഒഴുക്കിവിട്ടതോടെയാണ് 2025ല്‍ ഹര്‍ജിക്കാരി വീണ്ടും കോടതിയെ സമീപിച്ചത്.
അഭിഭാഷക കമ്മീഷന് നടത്തിയ പരിശോധനയില്‍ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായി കണ്ടെത്തുകയും സര്‍ക്കാര്‍ വക വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ ഉത്തരവിടുകയുമായിരുന്നു.
ഹര്‍ജിക്കാരിയുടെ അപേക്ഷ പരിഗണിച്ച് പെരുമ്പാവൂര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹനങ്ങള്‍ ജപ്തി ചെയ്യാനാണ് കോടതി നിര്‍ദേശിച്ചത്. വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആവശ്യമാണെന്ന സര്‍ക്കാർ വാദം തള്ളിക്കൊണ്ടാണ് കോടതി നടപടി. വാദി ഭാഗത്തിനായി അഡ്വ. ടി.വി. എല്‍ദോ ഹാജരായി.